top of page

കുക്കറിൽ ചോറും കറിയും പാകം ചെയ്യുന്നവർ ഓർത്തിരിക്കേണ്ട കാര്യങ്ങൾ.

  • Writer: PRIME KOCHI
    PRIME KOCHI
  • Mar 28, 2024
  • 2 min read

അരിയും, ധാന്യങ്ങളും വേവാൻ എത്ര വിസിൽ വേണം. എളുപ്പത്തിൽ മനസിലാക്കാം.


അടുക്കളയിലെ സഹായികളിൽ പ്രധാനിയാണ് കുക്കർ. പയറും കടലയും പരിപ്പും എന്നുവേണ്ട അരി വരെ വേവിച്ചെടുക്കാൻ കുക്കറാണ് നാം ഉപയോഗിച്ചുപോരുന്നത്. അടുക്കളയിലെ തുടക്കക്കാർക്ക് ചിലപ്പോഴൊക്കെ ആശങ്കയുണ്ടാകുന്ന ഒന്നാണ് എത്ര വിസിലുകളിൽ മേല്പറഞ്ഞവയെല്ലാം വേവിച്ചെടുക്കാൻ കഴിയുമെന്നത്.


കുക്കറുകൾക്കു അനുസരിച്ചും സാധനങ്ങളുടെ അളവിനനുസരിച്ചും വിസിലുകളുടെ എണ്ണത്തിൽ വ്യത്യാസം വരാം. പൊതുവെ കുക്കറിൽ ഓരോന്നും വേവിച്ചെടുക്കാൻ എത്ര സമയമെടുക്കുമെന്നു നോക്കാം.


ഒരു കപ്പ് അരി


മിക്കവരും തന്നെ ഇപ്പോൾ പ്രഷർ കുക്കറിലാണ് ചോറ് തയാറാക്കിയെടുക്കുന്നത്. അരി വേവിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഉയർന്ന തീയിൽ ഒരു വിസിൽ വന്നതിനു ശേഷം ഉടനെ തന്നെ തീ കുറച്ചു വയ്ക്കണം. ഇനി എട്ടു മുതൽ പത്തു മിനിറ്റ് വരെ ചെറിയ തീയിൽ ഇരിക്കട്ടെ. തീ ഓഫാക്കി മുഴുവൻ പ്രെഷറും പോകുന്നതു വരെ മാറ്റിവച്ചതിനു ശേഷം തുറക്കാവുന്നതാണ്. അരി പാകത്തിന് വെന്തതായി കാണുവാൻ കഴിയും.


ഈ രീതി പിന്തുടരാവുന്നതാണെങ്കിലും ഉപയോഗിക്കുന്ന പ്രെഷർ കുക്കറിന് അനുസരിച്ചു ചിലപ്പോൾ സമയ വ്യത്യാസം അനുഭവപ്പെടാനിടയുണ്ട്. ചില അരിയ്ക്കു വേവ് കൂടുതലുണ്ടെങ്കിലും മേല്പറഞ്ഞ സമയത്തിൽ വ്യതിയാനം വരാനിടയുണ്ട്.


ഒരു കപ്പ് ഗ്രീൻപീസ്


രാത്രി മുഴുവൻ വെള്ളമൊഴിച്ചു കുതിർത്ത ഗ്രീൻപീസിൽ 2 : 1 എന്ന അനുപാതത്തിൽ വെള്ളമൊഴിച്ചു അടുപ്പിലേക്ക് മാറ്റാവുന്നതാണ്. കുതിർക്കാത്ത ഗ്രീൻപീസ് ആണെങ്കിൽ അതിൽ 3 : 1 എന്ന അനുപാതത്തിൽ വെള്ളമൊഴിച്ചു അടുപ്പിൽ വയ്ക്കാം.


ഉയർന്ന തീയിൽ രണ്ടു അല്ലെങ്കിൽ മൂന്നു വിസിലിൽ വെന്തു പാകമായി കിട്ടും. കുതിർക്കാത്ത ഗ്രീൻ പീസ് തീ കുറച്ച് എട്ടു മുതൽ പത്തു മിനിറ്റ് നേരം കൂടി അടുപ്പിൽ വെച്ചാൽ മതിയാകും. പ്രെഷർ മുഴുവൻ പോയതിനു ശേഷം മാത്രം കുക്കർ തുറക്കാം.


ഒരു കപ്പ് കടല


മറ്റുള്ള ധാന്യങ്ങളെ അപേക്ഷിച്ചു കുറച്ചു സമയമെടുത്ത് വേവുന്ന ഒന്നാണ് കടല. ആറു മണിക്കൂർ അല്ലെങ്കിൽ രാത്രി മുഴുവൻ കുതിർത്തു വെച്ചതിനു ശേഷം കടൽ മുങ്ങി കിടക്കാൻ പാകത്തിന് വെള്ളമൊഴിച്ചു കുക്കർ അടുപ്പിലേക്ക് മാറ്റാം.


3 : 1 എന്ന അനുപാതത്തിൽ വെള്ളമൊഴിക്കാൻ ശ്രദ്ധിക്കണം. ഉയർന്ന തീയിൽ മൂന്നു മുതൽ നാല് വിസിൽ വരുന്നത് വരെ വച്ചതിനു ശേഷം തീ കുറയ്ക്കാവുന്നതാണ്. ഇനി 20 -25 മിനിറ്റ് ചെറുതീയിൽ വച്ചതിനു ശേഷം ഓഫ് ചെയ്യാവുന്നതാണ്.


500 ഗ്രാം ചിക്കൻ


ചിക്കൻ പ്രഷർ കുക്കറിൽ വെച്ച് വേവിച്ചെടുക്കുന്നതിനു മുന്നോടിയായി കഷ്ണങ്ങളുടെ പുറംഭാഗം ചെറിയ ബ്രൗൺ നിറമാകുന്നതു വരെ പൊരിച്ചെടുക്കാം. ഇനി കുക്കറിലേക്കു മാറ്റാം. വെള്ളമൊഴിക്കുന്നതിനു പകരമായി തക്കാളി അരച്ചതോ തേങ്ങാപ്പാലോ ചേർത്തുകൊടുക്കാവുന്നതാണ്.


കുക്കർ അടച്ചതിനു ശേഷം കൂടിയ തീയിൽ രണ്ടു മുതൽ മൂന്നു വിസിൽ വരുന്നതുവരെ വയ്ക്കാം. തീ കുറച്ച് 10 -15 മിനിറ്റ് കൂടി അടുപ്പിൽ വെച്ചതിനു ശേഷം മാറ്റാവുന്നതാണ്. കുക്കറിലെ ചൂടിൽ ചിക്കൻ നന്നായി വെന്തു കിട്ടും.


ഒരു കപ്പ് പരിപ്പ്


ഒരു കപ്പ് പരിപ്പിനു രണ്ടു കപ്പ് എന്ന കണക്കിൽ വെള്ളമൊഴിച്ച് കുക്കർ അടച്ച്, അടുപ്പിലേക്ക് വയ്ക്കാവുന്നതാണ്. തീ കൂട്ടി വെയ്ക്കാൻ മറക്കരുത്. രണ്ടോ മൂന്നോ വിസിലിൽ പരിപ്പ് വെന്തുകിട്ടും. നന്നായി വേവണമെങ്കിൽ കുറച്ച് സമയം കൂടി അടുപ്പിൽ വെച്ചാൽ മതിയാകും.


അര കിലോഗ്രാം ഇറച്ചി


കുക്കറിൽ ഇറച്ചി പാകം ചെയ്യുമ്പോൾ വെന്തു വരാനുള്ള സമയത്തിലും വ്യത്യാസം വരാനിടയുണ്ട്. ഇറച്ചിയുടെ കഷ്ണങ്ങളിലുള്ള വലുപ്പം, മൂപ്പ് എന്നിവയൊക്കെ വേവാനുള്ള സമയത്തിലും വ്യത്യാസങ്ങൾ വരുത്തും.


ഇറച്ചി ഒരേ വലുപ്പമുള്ള കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ഇനി നന്നായി കഴുകിയതിനു ശേഷം മസാലകൾ പുരട്ടിവെയ്ക്കാവുന്നതാണ്. കുക്കർ ചൂടായി വരുമ്പോൾ കുറച്ച് എണ്ണയൊഴിച്ചു കൊടുത്തതിനു ശേഷം ഇറച്ചി കഷ്ണങ്ങൾ അതിലേക്കു ഇട്ടുകൊടുക്കാം.


ചെറിയ ബ്രൗൺ നിറമാകുമ്പോൾ സവാള, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില തുടങ്ങിയവ ചേർത്തുകൊടുക്കാം. ഇനി കുക്കർ അടച്ച് തീ കൂട്ടിവെയ്ക്കാവുന്നതാണ്. ഇറച്ചിയുടെ മൂപ്പ് അനുസരിച്ച്, പാകമായി വരാൻ സമയമെടുക്കും.


ചിക്കനോ പോർക്കോ പോലുള്ള മാംസങ്ങൾ ഉയർന്ന തീയിൽ രണ്ടോ മൂന്നോ വിസിൽ വരുന്നത് വരെ വച്ചതിനു ശേഷം തീ കുറച്ച് 15 മുതൽ 20 മിനിറ്റ് വരെ വയ്ക്കാവുന്നതാണ്. മട്ടനോ ബീഫോ ആണെങ്കിൽ മൂന്നോ നാലോ വിസിൽ വരുന്നത് വരെ വച്ചതിനു ശേഷം തീ കുറച്ച് വെച്ച് വേവിച്ചെടുക്കാവുന്നതാണ്.


ഒരു കപ്പ് വൻപയർ


ആറു മണിക്കൂറോ അതിലധികമോ പയർ കുതിർത്തു വെച്ചാൽ എളുപ്പത്തിൽ വേവിച്ചെടുക്കാൻ സാധിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പയർ മുങ്ങി കിടക്കാൻ പാകത്തിന് വെള്ളമൊഴിച്ചതിനു ശേഷം കുക്കർ നന്നായി അടച്ചു അടുപ്പിൽ വയ്ക്കാവുന്നതാണ്.


തീ കൂട്ടി വെച്ചതിനു ശേഷം രണ്ടോ - മൂന്നോ വിസിൽ വരുന്നത് വരെ കാത്തിരിക്കാം. ഇനി തീ കുറച്ച് വെച്ച് 10 മുതൽ 15 മിനുട്ട് അടുപ്പിൽ വയ്ക്കാവുന്നതാണ്. പ്രഷർ പോയതിനു ശേഷം കുക്കർ തുറക്കാം.

Comentários

Avaliado com 0 de 5 estrelas.
Ainda sem avaliações

Adicione uma avaliação
1/2

Prime Kochi

Prime Kochi is a web portal, based in Kerala, is committed to a new media culture on well researched texts, visual narratives and podcasts.

Subscribe us

  • Instagram
  • Facebook
  • Twitter
  • Youtube

Copyright © 2024. PrimeKochi. Designed, Developed & Maintained by Intertoons.com

bottom of page