top of page

പട്ടാപ്പകൽ മകളുടെ മുന്നിൽ വീട്ടമ്മയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി

Writer: PRIME KOCHIPRIME KOCHI

കൊലയ്ക്കു ശേഷം പൊലീസ് സ്റ്റേഷനിൽ എത്തിയ പ്രതി അറസ്റ്റിൽ


മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പട്ടാപ്പകൽ മകളുടെ മുന്നിൽ വീട്ടമ്മയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. നിരപ്പ് കോട്ടക്കുടിത്താഴത്ത് ഷക്കീറിന്റെ ഭാര്യ സിംന (37) ആണു കൊല്ലപ്പെട്ടത്.


സുഹൃത്തായ വെസ്റ്റ് പുന്നമറ്റം തോപ്പിൽ ഷാഹുൽ അലിയെ (33) പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് മൂന്നിനാണ് കൊലപാതകം. ചികിത്സയിൽ കഴിഞ്ഞിരുന്ന പിതാവ് ഹസൈനാർക്ക് ഉച്ചഭക്ഷണം നൽകാൻ മകൾക്കൊപ്പം ഉച്ചയോടെയാണു സിംന ആശുപത്രിയിൽ എത്തിയത്.


മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പതിനൊന്നാം വാർഡിൽ പിതാവിനു ഭക്ഷണം നൽകിയ ശേഷം മകൾക്കൊപ്പം പ്രസവ വാർഡിനു മുന്നിൽ എത്തിയപ്പോൾ പൊടുന്നനെ ഷാഹുൽ ഇവർക്കു മുന്നിലേക്കു കത്തിയുമായി ചാടി വീണു. സിംനയെ പിടിച്ചുനിർത്തി കത്തി കൊണ്ട് കഴുത്തു മുറിക്കുകയായിരുന്നു.


താഴെ വീണ യുവതിയുടെ ശരീരത്തിലും പലവട്ടം കുത്തി. പരിസരത്ത് ഉണ്ടായിരുന്നവരും ആശുപത്രി ജീവനക്കാരും ഓടി എത്തിയതോടെ ഷാഹുൽ ബൈക്കിൽ പൊലീസ് സ്റ്റേഷനിലേക്കു പോയി. അവിടെ ബൈക്ക് വച്ച് ഇറങ്ങിയ ഉടൻ ഷർട്ടിൽ ഉൾപ്പെടെ രക്തം കണ്ടു പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.


ഇരു കൈകൾക്കും മുറിവേറ്റ ഷാഹുലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിംനയുടെ ഭർത്താവ്, വിദേശത്തു ജോലിയുള്ള ഷക്കീർ ഇപ്പോൾ നാട്ടിലുണ്ട്. അയൽവാസിയായിരുന്ന ഷാഹുലുമായി സിംനയ്ക്ക് സൗഹൃദമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇടയ്ക്ക് ബന്ധത്തിൽ വിള്ളലുണ്ടായി.


സിംന ജോലി ചെയ്തിരുന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിൽ എത്തി ഷാഹുൽ ബഹളമുണ്ടാക്കിയെന്നും സിംനയുടെ സുഹൃത്തുക്കൾ പറയുന്നു. ഷാഹുലിന് എതിരെ പൊലീസിനു പരാതി നൽകാൻ സിംന തയാറെടുത്തിരുന്നു. ഇക്കാര്യങ്ങൾ ഉൾപ്പെടെ ചോദിച്ചറിയാൻ ഇയാൾ പലവട്ടം ഫോണിൽ വിളിച്ചിട്ടും കോൾ എടുക്കാതിരുന്നതാകാം പെട്ടെന്നുള്ള ആക്രമണത്തിനു കാരണമെന്നാണു പൊലീസിനു ലഭിച്ച വിവരം.


കൊലപാതകത്തിന്റെ കാരണത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്തുകയാണെന്നു ഡിവൈഎസ്പി എ.ജെ.തോമസ് പറഞ്ഞു. സിംനയുടെ മൃതദേഹം ഇന്നു പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകും.


ഇതിനിടെ, ഷാഹുലിനെതിരെ പൊലീസിൽ നേരത്തെ പരാതി നൽകിയിരുന്നുവെന്ന് സിംനയുടെ സഹോദരൻ ഹാരിസ് പറഞ്ഞു. സിംനയെ ഷാഹുൽ മുൻപും ശല്യപ്പെടുത്തിയിരുന്നു. വീടിനു നേരെ ഇയാൾ ആക്രമണം നടത്തിയിട്ടുണ്ടെന്നും ഹാരിസ് പറഞ്ഞു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
1/2

Prime Kochi

Prime Kochi is a web portal, based in Kerala, is committed to a new media culture on well researched texts, visual narratives and podcasts.

Subscribe us

  • Instagram
  • Facebook
  • Twitter
  • Youtube

Copyright © 2024. PrimeKochi. Designed, Developed & Maintained by Intertoons.com

bottom of page